Wed. Aug 6th, 2025 10:11:22 PM
ന്യൂഡൽഹി:

കോവിഷീൽഡ് വാക്സീന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യത്യസ്ത വില നിശ്ചയിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. വാക്സീൻ സൗജന്യമായി ലഭ്യമാക്കേണ്ടതു കേന്ദ്ര സർക്കാരിന്റെ കടമയാണെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ കത്തയച്ചു.

വാക്സീനു രാജ്യത്തുടനീളം ഒരേവില നിശ്ചയിക്കണം. ഒരു വാക്സീനു 3 വില ന്യായീകരിക്കാനാവില്ല. ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കരുത്.

വാക്സീനു നിശ്ചയിച്ചിരിക്കുന്ന അമിത നിരക്ക് സംസ്ഥാന സർക്കാരുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. 50% ക്വോട്ടയിൽ കേന്ദ്രത്തിനു ലഭിക്കുന്ന വാക്സീൻ സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യുമ്പോൾ വിവേചനം പാടില്ലെന്നും സോണിയ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും രാജ്യത്തെ ദുരിതത്തിലാക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചു.

By Divya