Wed. Nov 6th, 2024

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി നടത്തുന്നു. സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാക്കി തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തിവിടുകയുള്ളൂ. പ്രോട്ടോകോൾ നിയന്ത്രണത്തിനായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായ പൂരവിളംബരത്തിന് അമ്പതുപേര്‍ മാത്രമാകും പങ്കെടുക്കുക. കൂടാതെ രോഗവ്യാപനത്തിന് സാധ്യത ഉള്ളതിനാൽ തൃശൂർ പൂര പ്രദർശനം നിർത്തിവച്ചതായായി ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനം ആയിട്ടുണ്ട്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.  സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി ഓരോ അമിട്ട് മാത്രം പൊട്ടിച്ചു കൊണ്ട് അവസാനിപ്പിക്കുമെന്നും ഓരോ ചെറുപൂരങ്ങളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്താനും തീരുമാനിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായി എട്ട് ഘടക ക്ഷേത്ര ഭാരവാഹികള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായത് പരിഗണിച്ച് 23-ാം തിയതി തിരുവമ്പാടി ദേവസ്വം ഒരാനപ്പുറത്ത് അവരുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.