Thu. Jan 23rd, 2025
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ, മൃതദേഹങ്ങൾ മറവ് ചെയ്യാനോ സംസ്കരിക്കാനോ ഇടമില്ലാതെ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യതലസ്ഥാനമായ ദില്ലി. ദില്ലിയിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നായ നിഗംബോധ് ഘാട്ടിൽ ദിവസേന കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ വരിനിൽക്കുകയാണ് കുടുംബങ്ങൾ.

ദിവസം 15 മൃതദേഹങ്ങൾ എത്തിയിരുന്നെങ്കിൽ ഇപ്പോഴത് ഇരട്ടിയായെന്ന് ശ്മശാന അധികൃതർ പറയുന്നു. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് മൃതദേഹങ്ങൾ സംസ്കരിക്കാൻ അധികൃതരും ബുദ്ധിമുട്ടുകയാണ്. ദില്ലി ഐടിഒയ്ക്ക് അടുത്താണ് ഏറ്റവും വലിയ പൊതുശ്മശാനം സ്ഥിതി ചെയ്യുന്നത്. ഇവിടെ തുടർച്ചയായി ജെസിബി കൊണ്ട് കുഴിയെടുക്കുന്നത് കാണാം. എന്നിട്ടും സ്ഥലം തികയാതെ വരികയാണ്.

70 മൃതദേഹങ്ങൾ അടക്കാനുള്ള സ്ഥലമേ ഇനി ഇവിടെയുള്ളൂ എന്ന് ശ്മശാനത്തിന്‍റെ കെയർടേക്കർ പറയുന്നു. ഇങ്ങനെ പോയാൽ പത്ത് ദിവസത്തിനകം, ശ്മശാനത്തിലെ സ്ഥലം തീരും. ബുധനാഴ്ച മാത്രം ദില്ലിയിൽ 104 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നവംബർ 20-ന് ശേഷമുള്ള ഏറ്റവുമുയർന്ന മരണനിരക്ക്. ഇന്ത്യയിൽ ഇന്നലെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒക്ടോബർ 18-ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവുമുയർന്ന കണക്ക്.

ദില്ലിയിൽ ആശുപത്രികൾ ചികിത്സാസൗകര്യങ്ങളുടെ അഭാവവും രൂക്ഷമാണ്. ബുധനാഴ്ച വൈകിട്ട് 6 മണി വരെയുള്ള കണക്കനുസരിച്ച് ദില്ലിയിലെ വെന്‍റിലേറ്ററുകളുള്ള ഐസിയു കിടക്കകളുടെ 85 ശതമാനവും. 88 ശതമാനം ആകെ ഐസിയു ബെഡ്ഡുകളും നിറഞ്ഞുകഴിഞ്ഞു. ദിനം പ്രതി പതിനായിരത്തിലധികം പുതിയ കൊവിഡ് കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

By Divya