Wed. Jan 22nd, 2025
കൊല്‍ക്കത്ത:

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബിജെപിക്കാര്‍ ധാരാളമായി ബംഗാളിലെത്തിയതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍ ബംഗാളിലെത്തിച്ചെന്നും മമത ആരോപിച്ചു.

‘തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബിജെപി നേതാക്കള്‍ ധാരാളം പേരെ ബംഗാളിലെത്തിച്ചിരുന്നു. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് രോഗവ്യാപനനിരക്ക് കുറച്ചുകൊണ്ടുവന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ അവര്‍ നടത്തിയ പ്രചരണങ്ങള്‍ സ്ഥിതി വഷളാക്കി’, മമത പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ റെക്കോര്‍ഡ് നമ്പര്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 1.84 ലക്ഷം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. കഴിഞ്ഞ ദിവസം മാത്രം 1027 പേരാണ് രാജ്യത്ത് മരിച്ചത്. നിലവില്‍ 13,65,704 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

തുടര്‍ച്ചയായി നാലാം ദിവസവും ഒന്നരലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ഇപ്പോള്‍. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.

മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഏപ്രില്‍ 14 രാത്രി എട്ട് മണിമുതലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.

നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വ്വീസുകള്‍ മാത്രമെ അനുവദിച്ചിട്ടുള്ളു.സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 60000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

281 പേരാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മരിച്ചത്. മുംബൈയില്‍ മാത്രം 7898 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

By Divya