Wed. Nov 6th, 2024
കൊല്‍ക്കത്ത:

പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സിഎപിഎഫ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയി. കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് വെടിവെപ്പ് നടന്നതെന്ന് സൗഗത റോയി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റോയി ആരോപിച്ചു.

”എന്തിനാണ് കേന്ദ്ര സായുധ പൊലീസ് സേന വെടിയുതിര്‍ത്തത്? സാധാരണ വോട്ടര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിനുള്ള ഈ ധൈര്യം അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു? അതാണ് പ്രധാന ചോദ്യം. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. പ്രധാനമന്ത്രി ഈ ഗൂഢാലോചനയില്‍ നിന്ന് പുറത്താണെന്ന് ഞങ്ങള്‍ കരുതുന്നില്ല. വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനാണിത്,” സൗഗത റോയി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സിഎപിഎഫിനേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു.

By Divya