Mon. Dec 23rd, 2024
എറണാകുളം:

ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇഡിയുടെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയതത്. ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും, നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് ഇഡിയുടെ ഹർജികളിലെ ആവശ്യം.

സ്വപ്നാ സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ടാമതും കേസെടുക്കുകയായിരുന്നു.

By Divya