Mon. Dec 23rd, 2024
തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വ്യാഴ്ഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിണറായിയില്‍ നിന്ന് ഔദ്യോഗിക വാഹനത്തിലാണ് എത്തിയത്. ഭാര്യ കമല, ചെറുമകന്‍ ഇഷാന്‍, ഗണ്‍മാന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് കൊവിഡ് ക്രിറ്റിക്കൽ കെയർ വിദഗ്ധരെ അയക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ട് നിരീക്ഷണത്തിലായിരുന്നു പിണറായി വിജയന്‍. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീരിച്ചത്. ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എം പി ശ്രീജയന്‍റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി പനിയുണ്ടായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശാരീരിക അവശതകള്‍ കൂടി പരിഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉമ്മൻ ചാണ്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വീട്ടുകാർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള കണക്ക് പതിനായിരത്തിന് മുകളിൽ പോയേക്കാമെന്നു ആരോഗ്യ വിദഗ്ധർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് ഉയരാനുള്ള സാധ്യതയാണ് ഇവർ ചൂണ്ടികാട്ടുന്നത്.

By Divya