തിരുവനന്തപുരം:
കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പോളിംഗ് അനുകൂല വിധി ഉണ്ടാകും എന്നതിന്റെ സൂചനയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് വിവിധ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍. കോണ്‍ഗ്രസും, സിപിഐഎമ്മും സംസ്ഥാനത്ത് തങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്ന് കരുതുമ്പോള്‍ അഞ്ച് സീറ്റുകള്‍ വരെ ലഭിക്കും എന്നത് അടക്കമാണ് ബിജെപിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ദിവസങ്ങള്‍ ഇനിയും വൈകും എന്നതിനാല്‍ സംഘടനാപരമായ ഭിന്നതകള്‍ പുറത്ത് വരുന്നതിന് ഈ കാലയളവ് കാരണമാകരുത് എന്നതാണ് വിവിധ പാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍ സ്വീകരിച്ചിട്ടുള്ള നയം.
കേരളം വിധി എഴുതിക്കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും ദേശീയ നേതൃത്വങ്ങള്‍. സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉണ്ടാകും എന്നതിന്റെ ആദ്യ സൂചനയായി കനത്ത പോളിംഗിനെ സിപിഐഎം വിലയിരുത്തുന്നു. സംസ്ഥാന ഘടകവും ദേശീയ നേതൃത്വത്തെ തുടര്‍ഭരണം ലഭിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
ബംഗളില്‍ കോണ്‍ഗ്രസ് മമതയോട് ചായുന്നതില്‍ കടുത്ത അത്യപ്തിയിലാണ് സിപിഐഎം. രാഹുല്‍ ഗാന്ധിയെ ബംഗാളിലേക്ക് കോണ്‍ഗ്രസ് എത്തിച്ചാല്‍ മറുപടിയായി പിണറായി വിജയനെയും തിരഞ്ഞെടുപ്പ് റാലികളില്‍ നിയോഗിക്കണമെന്ന നിര്‍ദ്ദേശത്തിലും പാര്‍ട്ടി ഉടന്‍ തിരുമാനം കൈക്കൊള്ളും.