Fri. Nov 22nd, 2024
തിരുവനന്തപുരം:

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ലയിക്കേണ്ട പാര്‍ട്ടികള്‍ ബിജെപിയും സിപിഐഎമ്മുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും സിപിഐഎമ്മും ലയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഉണ്ടാക്കേണ്ടതെന്നായിരുന്നു മോദി പറഞ്ഞത്.

കഴക്കൂട്ടത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു മോദിയുടെ പരാര്‍ശം. ഈ തിരഞ്ഞെടുപ്പിന് സിപിഐഎമ്മുമായി ബിജെപി ഡീല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസിന്റെ നേതാവായ ബാലശങ്കറാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല.

മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടത്. ശക്തമായ സാക്ഷിമൊഴികളുണ്ടയിട്ടും സ്വര്‍ണ്ണക്കടത്തു കേസും ഡോളര്‍ കടത്തുകേസുമൊക്കെ ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു എന്നും രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു.

കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നത് ഫലിതമാണ്. കേരളത്തിന് അര്‍ഹമായത് എന്ത് കൊണ്ടാണ് നല്‍കാത്തത് എന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്.

മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാന മന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

By Divya