Fri. Nov 22nd, 2024
തിരുവനന്തപുരം:

കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ശബരിമല വിഷയം ആയുധമാക്കി രംഗത്തെത്തിയ മോദിയെ എടപ്പാള്‍ ഓട്ടം ഓര്‍മിപ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ട മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വിശ്വാസികള്‍ക്കെതിരെ ലാത്തി വീശാന്‍ കൂട്ടുനിന്നെന്ന ആരോപണത്തിനാണ് സന്ദീപാനന്ദഗിരിയുടെ മറുപടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ശബരിമലയില്‍ സാമൂഹ്യ വിരുദ്ധരോടും പ്ലാന്‍ സി നടപ്പാക്കാന്‍ വന്നവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയതെന്നും അയ്യപ്പവേഷം കെട്ടി കുത്തിത്തിരിപ്പിന് വന്നവരെയും ജനങ്ങളും പൊലീസും നേരിട്ടിട്ടുണ്ടെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു. കൂടുതല്‍ അറിയാന്‍ പ്രധാനമന്ത്രി എടപ്പാള്‍ ഓട്ടം എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കണം എന്നുമാണ് സന്ദീപാനന്ദഗിരി പറഞ്ഞത്.

‘ആദരണീയ പ്രധാനമന്ത്രിയുടെ അറിവിലേക്ക്, ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ കേരളാ പൊലീസ് ലാത്തി പ്രയോഗിച്ചിട്ടില്ല. പോലീസ് ലാത്തി പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധരോടും, പ്ലാന്‍ സി പാസ്സാക്കാന്‍ വന്നവരോടുമാണ്.
അയ്യപ്പവേഷംകെട്ടി കുത്തിത്തിരിപ്പിനുവന്നവരെ പോലീസും ജനങ്ങളും നേരിട്ടിട്ടുണ്ട്. കൂടുതലറിയാന്‍ അങ്ങ് ”എടപ്പാള്‍ ഓട്ടം ”എന്ന് ഗൂഗുളില്‍ സര്‍ച്ച് ചെയ്താല്‍ അറിയാന്‍ കഴിയും

അങ്ങ് മുമ്പു പറഞ്ഞ സോമാലിയയിലെ മൂന്ന് ഇടങ്ങളില് അങ്ങയുടെ പാര്‍ട്ടിക്ക് ആളില്ല മറന്നു പോവരുത്, എന്നായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിലെഴുതിയത്. നേരത്തെ കോന്നിയില്‍ പ്രചാരണത്തിനെത്തിയ മോദി ശരണം വിളിച്ച് പ്രസംഗം തുടങ്ങിയതിനെയും സന്ദീപാനന്ദ ഗിരി പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

‘ എന്റെ പ്രിയ ഭക്തരേ, ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്റെ പേരില്‍ വോട്ട് ചോദിക്കുന്നവര്‍ കപട ഭക്തരെന്നും തിരിച്ചറിയുക. അവരുടെ താടിയും മുടിയും കണ്ട് നിങ്ങളാരും വഞ്ചിതരാകരുതേ, എന്ന് നിങ്ങളുടെ സ്വന്തം അയ്യപ്പന്‍ സ്വാമി ശരണം,’ എന്നായിരുന്നു സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിലെഴുതിയത്. അയ്യപ്പന്റെ ഒരു ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

By Divya