ലഖ്നൗ:
ഝാന്‍സിയില്‍ മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപി പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റ് പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രെയിനില്‍വെച്ചാണ് മലയാളികളുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ അതിക്രമത്തിനിരയായത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു പറഞ്ഞത്.
ഇത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഝാന്‍സിയില്‍ രാത്രി എട്ട് മണിക്ക് കന്യാസ്ത്രീകളെ ഇറക്കി വിട്ടതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ ലഭ്യമായിരിക്കെയാണ് കേന്ദ്രമന്ത്രി പീയുഷ് ഘോയാല്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞത്.