ന്യൂഡൽഹി:
അസമിൽ ബി ജെ പി എംഎൽഎയുടെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തിയ സംഭവം ജനാധിപത്യത്തിന്‍റെ മോശം അവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇസിയുടെ കാർ മോശം, ബിജെപിയുടെ ഉദ്ദേശ്യം മോശം, ജനാധിപത്യത്തിന്‍റെ അവസ്ഥയും മോശം!’ അദ്ദേഹം ട്വീറ്റ് ചെയ്തു.
രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാർകണ്ടി എംഎൽഎ കൃഷ്ണേന്ദു പാലിന്‍റെ വാഹനത്തിൽനിന്ന് വോട്ടിങ് മെഷീൻ കണ്ടെടുത്തത്. ജനങ്ങൾ വാഹനം തടയുകയും ഇവിഎം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചു. തുടർന്ന് സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
കൃഷ്ണേന്ദു പാലിന്‍റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ് വാഹനം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കൃഷ്ണേന്ദു പാൽ ഇത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സത്യവാങ്മൂലത്തിൽ AS10B 0022 രജിസ്ട്രേഷൻ ബൊലേറോ കാറിന്‍റെ വിവരം വെളിപ്പെടുത്തിയിരുന്നു. വാഹനത്തിൽനിന്ന് ഇവിഎം പിടികൂടിയതോടെ ജില്ല തിരഞ്ഞെടുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോൾ പോളിങ് ഓഫിസറോ തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഇലക്ഷൻ കമ്മീഷൻ അധികൃതർ വ്യക്തമാക്കി.
ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ അസം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.