വടകര:
കേരള നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന ഇടമാണ് വടകര. എൽജെഡിക്ക് നൽകിയ സീറ്റിൽ മനയത്ത് ചന്ദ്രനാണ് ഇടത് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. മറുവശത്ത് യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർത്ഥി കെകെ രമയാണ് മത്സരിക്കുന്നത്.
ടിപി ചന്ദ്രശേഖരന്റെ വിധവ എന്നതിനാൽ, സിപിഎമ്മിൽ നിന്നുള്ള വോട്ടുകളടക്കം നേടാനാവുമെന്ന വിജയപ്രതീക്ഷയിലാണ് രമയുടെ പ്രചാരണം. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് വോട്ട് തേടി ക്യാപ്റ്റൻ പിണറായി നേരിട്ട് ഇറങ്ങുന്നത്. വൈകീട്ട് ആറിന് വടകര നാരായണ നഗരത്തിലാണ് റാലി.
സിപിഎമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വടകരയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം നടക്കുന്നത്. വടകര മണ്ഡലത്തിൽ പിണറായി നേരിട്ടെത്തണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ റാലി നിശ്ചയിച്ചത്. വിഭാഗീതയെ കുറിച്ചോ കെകെ രമയുടെ സ്ഥാനാർത്ഥിത്വത്തെയോ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എന്തെങ്കിലും പറയുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.