Thu. Jan 23rd, 2025
വാഷിംഗ്ടണ്‍:

നിയമബാഹ്യക്കൊലകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടെന്ന് യു എസ് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം, അഴിമതി, തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ചൊവ്വാഴ്ച യു എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം കശ്മീരില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറഞ്ഞുവെന്നും യു എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
” കശ്മീരിനെ സാധാരണ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ നിയന്ത്രണങ്ങള്‍ നീക്കിയത് ഉള്‍പ്പെടെ ഇതിന്റെ ഭാഗമായാണ്,” യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെക്കുറിച്ചും, തടവറയിലെ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും, നിയമ ബാഹ്യക്കൊലകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നു.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര നടപടിയേയും, സെന്‍സര്‍ഷിപ്പിനെയും, വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയേയും യു എസ് കുറ്റപ്പെടുത്തി.

By Divya