Mon. Dec 23rd, 2024
ചെന്നൈ:

തമിഴ്‌നാട്ടില്‍ ഡിഎംകെ നയിക്കുന്ന സഖ്യം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണ് കോണ്‍ഗ്രസിന് കുറച്ച് സീറ്റുകള്‍ കൊടുത്തതെന്ന് ഡിഎംകെ നേതാവ് കനിമൊഴി.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകള്‍ കോണ്‍ഗ്രസിന് കൊടുത്തിരുന്നെങ്കില്‍ ഇത്തവണ അത് 25 സീറ്റുകളിലേക്ക് ഒതുങ്ങിയതെന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കനിമൊഴി.

‘പലയിടങ്ങളിലും അധികാരത്തിലിരക്കുന്ന സര്‍ക്കാരുകളെ ബിജെപി വന്ന് അട്ടിമറിക്കുന്ന കാഴ്ച നമ്മള്‍ എല്ലാം കണ്ടതാണ്. ഏറ്റവും ഒടുവില്‍ പോണ്ടിച്ചേരിയിലും സമാനമായ അവസ്ഥ കണ്ടു. അതുകൊണ്ട് കൂടുതല്‍ സ്ഥലങ്ങളിലും ഡിഎംകെ തന്നെ ജയിച്ചിട്ടേ കാര്യമുള്ളു. അത് മനസിലാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മുന്നണിയില്‍ നില്‍ക്കുന്നത്. ഇപ്പോഴത്തെ മുഖ്യലക്ഷ്യം ജയിക്കണം, അധികാരത്തില്‍ വരണം എന്നത് തന്നെയാണ്,’ എന്നായിരുന്നു കനിമൊഴി പറഞ്ഞത്.

തമിഴ്‌നാട്ടില്‍ ഇത്തവണ ഡിഎംകെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന. ബിജെപിക്ക് തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

By Divya