Mon. Dec 23rd, 2024
കോട്ടയം:

എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പിറവത്തെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഡോ സിന്ധുമോള്‍ ജേക്കബ്. പിറവം ജോസ് വിഭാഗത്തിന്റെ സീറ്റായതിനാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി. ഇടത് സ്വതന്ത്രയായാണ് നേരത്തെയും മത്സരിച്ചത്.

പിറവം മണ്ഡലത്തില്‍ വേരുകളുള്ള ആളെന്ന പരിഗണനയാണ് ഇടത് മുന്നണി തന്നത്. ഇടതുപക്ഷം ശരിയെന്ന് മനസിലാക്കിയാണ് ജോസ് കെ മാണി വിഭാഗം ഇവിടേക്ക് വന്നതെന്നും ഡോ.സിന്ധുമോള്‍ ജേക്കബ് പറഞ്ഞു.

അതേസമയം രണ്ടില ചിഹ്നത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി വന്നതും ജോസ് കെ മാണിയുടെ മുന്നണി മാറ്റവും ജയസാധ്യതയെ ബാധിക്കില്ലെന്ന് പിറവത്തെ സിറ്റിംഗ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അനൂപ് ജേക്കബ് വ്യക്തമാക്കി. യാക്കോബായ സഭയുടെ നിലപാട് അനുകൂലമാണ്. ഇത്തവണ തന്റെ ഭൂരിപക്ഷം കൂടുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

കൂടാതെ പിറവത്ത് ബിജെപി- ബിഡിജെഎസ് ബന്ധത്തില്‍ വിള്ളലില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എ ആശിഷ് പറഞ്ഞു. യാക്കോബായ സഭ ഇത്തവണ ബിജെപിയെ പിന്തുണയ്ക്കും. സഭാ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമെന്നും ആശിഷ് പറഞ്ഞു.

By Divya