Mon. Dec 23rd, 2024
കൊച്ചി:

ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്നാണ്തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള നാലിന നിർദ്ദേശങ്ങൾ രമേശ് ചെന്നിത്തല കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.

80 വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേമം, വാമനപുരം, വൈപ്പിൻ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

എൺപത് വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യത കൂടുതലാണെന്ന് ഹർജിയിൽ പറയുന്നു. വിവിപാറ്റ് മെഷീനുകൾക്കൊപ്പം പോസ്റ്റൽ ബാലറ്റുകൾ കൂടി സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

By Divya