Mon. Dec 23rd, 2024
തിരുവനന്തപുരം:

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്​ പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ ലതിക സുഭാഷിനെ കോൺഗ്രസ്​ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്​ ലതികയെ പുറത്താക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്​. സ്​ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാത്തതിന്​ പിന്നാലെ മഹിളാ കോൺഗ്രസ്​ അധ്യക്ഷ കൂടിയായിരുന്ന ലതികാ സുഭാഷ്​ തല മുണ്ഡനംചെയ്​ത്​ പ്രതിഷേധിക്കുകയും ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്​തിരുന്നു.

മഹിളാകോൺഗ്രസ്​ അധ്യക്ഷ സ്ഥാനം രാജിവെച്ചതിന്​ പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്​ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. തിരുവനന്തപുരത്തെ കെപിസിസി ആസ്​ഥാനത്ത് സ്ഥാനാർത്ഥികളെ​ പ്രഖ്യാപിച്ചു കഴിഞ്ഞുള്ള​ വാർത്ത സമ്മേളനത്തിനുശേഷമായിരുന്നു ലതികയുടെ പരസ്യപ്രതിഷേധം.​

സ്​ഥാനാർത്ഥി പട്ടികയിൽ സ്​ത്രീകൾ തഴയപ്പെ​ട്ടെന്ന്​ വാർത്താ സമ്മേളനത്തിൽ ലതിക പറഞ്ഞിരുന്നു. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്​ത്രീകളാണ്​ കടുത്ത അവഗണന അനുഭവിക്കുന്നത്​. 14 ജില്ലകളിൽ 14 വനിത സ്​ഥാനാർത്ഥികളെങ്കിലും ഉണ്ടാകുമെന്ന്​ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതും ഉണ്ടായില്ല. തനിക്ക്​ സീറ്റ്​ നിഷേധിച്ചത്​ കടുത്ത അനീതിയാണെന്നും ലതിക പറഞ്ഞിരുന്നു​.

By Divya