അബുദാബി:
മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ട വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് 1,000 ദിര്‍ഹം(19,814 രൂപ) പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ. മാലിന്യങ്ങള്‍ നിശ്ചിത സ്ഥലത്ത് അല്ലാതെ വലിച്ചെറിയുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ‘നമ്മുടെ നഗരത്തിന്റെ സൗന്ദര്യം അതിന്റെ ശുചിത്വത്തിലാണ്’ എന്ന ക്യാമ്പയിനും നടത്തുന്നുണ്ട്.
ഇതിനായി മാലിന്യ നിര്‍മാര്‍ജ്ജന വിഭാഗത്തിന്റെ(തദ്വീര്‍) നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കടകള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവ ഉള്‍പ്പെടെ 2.36 ലക്ഷം സ്ഥലങ്ങളില്‍ നഗരസഭ അധികൃതര്‍ പരിശോധന നടത്തിയിരുന്നു.
വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. പൊതുസ്ഥലത്ത് തുപ്പിയാല്‍ 1,000 ദിര്‍ഹമാണ് പിഴ. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചാല്‍ 10,000 ദിര്‍ഹമാണ് പിഴ ചുമത്തുക.
നിര്‍മ്മാണ സ്ഥലത്തെ അവശിഷ്ടങ്ങള്‍, മലിനജലവും പൊതുസ്ഥലത്ത് തള്ളിയാല്‍ 100,000 ദിര്‍ഹമാണ് പിഴ ഈടാക്കുക. മാസ്‌കുകളും ഗ്ലൗസുകളും നിശ്ചിത സ്ഥലത്ത് മാത്രമേ നിക്ഷേപിക്കാവൂ. പൊതുസ്ഥലത്ത് ഇവ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്.