Mon. Dec 23rd, 2024
കണ്ണൂർ:

പോസ്റ്റൽ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച്​ തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്നും അത്​ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്​ നേതാവ്​ കെ സി വേണുഗോപാൽ. സംസ്ഥാനത്ത്​ പത്ത്​ ലക്ഷത്തിലധികം കള്ള വോട്ടർമാരെ തിരുകി കയറ്റിയിരിക്കുന്നുവെന്നാണ്​ പാർട്ടി നടത്തിയ പഠനത്തിൽ വ്യക്തമായത്​.

കേരളത്തിലെ ചീഫ്​ ഇലക്​ടറൽ ഓഫിസറുടെ മുമ്പാകെ പ്രതിപക്ഷനേതാവ് രമേശ്​ ചെന്നിത്തല​ നാലര ലക്ഷം പേരുടെ കള്ളവോട്ട്​ സംബന്ധിച്ച തെളിവുകൾ നൽകി കഴിഞ്ഞു. ഈ വിഷയത്തിൽ സത്വരവും ഫലപ്രദവുമായ നടപടി കൈക്കൊള്ളണമെന്ന്​ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് അഖിലേന്ത്യാ കോൺഗ്രസ്​ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്​.

ജനഹിതത്തെ അട്ടിമറിക്കാനായി ആളുകളെ പെരുപ്പിച്ചു കാണിച്ചും ഇല്ലാത്ത ആളുകളെ ഉൾപ്പെടുത്തിയും വോട്ടർ പട്ടികയുണ്ടാക്കുന്നത്​ ജനാധിപത്യവിരുദ്ധ നടപടിയാണ്​. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ നടപടിയുണ്ടാവണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

By Divya