Fri. Nov 22nd, 2024
കൊൽക്കത്ത:

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചരണം നടക്കുന്ന ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പശ്ചിമ ബംഗാളിൽ അധികാരം നിലനിർത്താൻ ത്യണമൂൽ കോൺഗ്രസിനും അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കും നിർണായകമാണ് നാളെ നടക്കുന്ന വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന 30 സീറ്റുകളിലെ 27 എണ്ണം തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ത്യണമൂൽ കോൺഗ്രസിനും അധികാരത്തിലെത്താൻ ബിജെപിക്കും ഈ സീറ്റുകളിലെ വിജയം അനിവാര്യമാണ്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്ജിനക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ അവസാന മണിക്കൂറുകളിൽ വിഷയമാക്കിയ ത്യണമൂൽ നീക്കം ബിജെപിയെ ഈ ഘട്ടത്തിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ത്യണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമിപിച്ചതിന് പിന്നാലെ പ്രസ്താവനയെ ന്യായീകരിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്തെത്തി. മമത ബാനർജി തങ്ങളുടെ മുഖ്യമന്ത്രിയാണെന്നും ബംഗാളിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിൽ അവർ പ്രവർത്തിക്കുമെന്നുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

അസമിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച മണ്ഡലങ്ങളിൽ അസാംഗണ പരിഷത്ത് 8 ഉം കോൺഗ്രസ് 9 ഉം എഐയുഡിഎഫ് 2 ഉം ഒരിടത്ത് സ്വതന്ത്രനും 2016 ൽ വിജയിച്ചു. അകെയുള്ള 126 സീറ്റുകളിൽ 100 ൽ കൂടുതൽ ലക്ഷ്യമിടുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് ഈ ഘട്ടത്തിലെ മികച്ച പ്രകടനം.

By Divya