Wed. Jan 22nd, 2025
കോട്ടയം:

വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ കേരളത്തിലെ നേതാക്കൾ ഇനിയെങ്കിലും കണ്ണ് തുറക്കണമെന്ന് ലതിക സുഭാഷ്. തന്‍റെ പ്രതികരണത്തിന് ശേഷം വ്യത്യസ്ത പാർട്ടികളിലെ മൂന്ന് വനിതകൾക്ക് സ്ഥാനാർത്ഥിത്വം കിട്ടിയതായും ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂരിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായാണ് ലതിക സുഭാഷ് മത്സരിക്കുന്നത്.

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ വളരെ സന്തോഷമുണ്ട്. വനിതകള്‍ക്ക് മതിയായ പ്രധാന്യം കൊടുക്കണമെന്ന് എഐസിസി നേരത്തെ തന്നെ നിര്‍ദ്ദേശിച്ചിരുന്നതാണ്. പക്ഷേ കേരളത്തിലെ നേതാക്കന്‍മാര്‍ക്ക് അത് പാലിക്കാനായില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് രാജി പ്രഖ്യാപിച്ചത്. തല മൊട്ടയടിച്ച് നടത്തിയ പ്രതിഷേധം ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്, സ്വന്തം നാടായ ഏറ്റുമാനൂരിൽ വിമത സ്ഥാനാർത്ഥിയായി പത്രിക നൽകുകയായിരുന്നു.

By Divya