ഗുവാഹത്തി:
47 സീറ്റുകളിലായി നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന് 2 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പൗരത്വ നിയമം ബിജെപിയുടെ ആശങ്കയും കോൺഗ്രസിന്റെ പ്രതീക്ഷയുമായി തെളിഞ്ഞുനിൽക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭമാണ് സംസ്ഥാനത്തുണ്ടായത്.
കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ പൗരത്വ നിയമം പരാമർശിക്കുന്നതേയില്ല. എന്നാൽ, സംസ്ഥാനത്ത് 2019 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ദേശീയ പൗര റജിസ്റ്റർ (എൻആർസി) തിരുത്തുമെന്ന വാഗ്ദാനമുണ്ട്. 19 ലക്ഷം പേരാണ് പട്ടികയിലുൾപ്പെടാത്തതായി സംസ്ഥാനത്തുള്ളത്.
പൗരത്വ നിയമം നടപ്പാക്കുമെന്നു പറഞ്ഞ് ബംഗാളിൽ വോട്ടു പിടിക്കുന്ന ബിജെപി, അസമിൽ അതെക്കുറിച്ചു പാലിക്കുന്ന മൗനത്തിൽ പാർട്ടിയുടെ വല്ലായ്മ വ്യക്തമാകുന്നു. പൗരത്വ നിയമം സംസ്ഥാനത്തു നടപ്പാക്കില്ലെന്നും അതിനായി നിയമമുണ്ടാക്കുമെന്നുമാണ് കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ, നിയമത്തിനെതിരെ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭത്തിന്റെ നേതൃത്വം കോൺഗ്രസിനല്ലായിരുന്നു എന്നതു തിരിച്ചടിയാകാമെന്ന് പാർട്ടിക്കുതന്നെ വിലയിരുത്തലുണ്ട്.
ഇപ്പോൾ തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ അസമിൽ മാത്രമാണ് ഭരണം നിലനിർത്തുകയെന്ന വെല്ലുവിളി ബിജെപി നേരിടുന്നത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പദവി നിലനിർത്താമെന്നു പ്രതീക്ഷിക്കുമ്പോൾ, നറുക്ക് തനിക്കു വീഴുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി ഹിമന്ത ബിശ്വ ശർമ. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്കു സോനോവാൾ ഒന്നാമത്, കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് രണ്ടാമത് എന്നു പല അഭിപ്രായ സർവേകളിലും പറയുന്നു.