Fri. Apr 26th, 2024
തിരുവനന്തപുരം:

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ തെളിയിക്കുന്നു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷ്,  പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായിവിവിധി ഘട്ടങ്ങളില്‍ അമേരിക്കൻ കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ച് കെഎസ്ഐെന്‍സി അറിയിച്ചിട്ടുണ്ട്.

ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്ക്കര്‍ക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ദിനേശ് ഭാസ്ക്കര്‍ മറുപടി നല്‍കുന്നു. ധാരണപത്രത്തിന്റെ ഫയലില്‍ കെഎസ്‌ഐന്‍എസി എംഡി പ്രശാന്തിന്റെ കുറിപ്പിൽ ദിനേശ് ഭാസ്ക്കറുമായി ചര്‍ച്ച ചെയ്തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി രണ്ടിന് അയച്ച് ഈ സന്ദേശത്തിൽ, ഉച്ചക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1200 കോടിരൂപയുടെ വര്‍ക്ക്  ഓര്‍ഡര്‍ കിട്ടിയെന്നും ഇതിലുണ്ട്.

By Divya