Mon. Dec 23rd, 2024
പുതുച്ചേരി:

പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങൾ ചോർത്തുകയും വാട്ട്സ് ​ആപ്​ നമ്പർ ശേഖരിച്ച്​ പ്രചാരണ സന്ദേശമയക്കുകയും ചെയ്തെന്നാണ് മദ്രാസ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പുതുച്ചേരി ഡിവൈഎഫ്​ഐ യൂണിറ്റ്‌​ പ്രസിഡന്‍റ്​​ ആനന്ദാണ് ഹർജിനല്‍കിയത്.

പ്രാദേശിക ബി ജെ പി നേതാക്കൾ ആധാറിൽനിന്ന്​ ഫോൺ നമ്പർ ശേഖരിച്ചതായും പിന്നീട്​ ഓരോ മണ്ഡലങ്ങളിലും ബൂത്ത്​ ലെവൽ വാട്ട്സ് ആപ്​ ഗ്രൂപ്പുകൾ നിർമ്മിച്ചതായുമാണ് ഹരജിയില്‍ പറയുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

ബിജെപി നേതാക്കൾ വോട്ടർമാരെ ഫോൺ വിളിച്ചതായും ഹർജിയില്‍ പറയുന്നു. പേര്​, വോട്ടിങ്​ ബൂത്ത്​, മണ്ഡലം തുടങ്ങിയ വിവരങ്ങളാണ് ഫോണിലൂടെ ആവശ്യപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥികൾ ഇത്തരത്തിൽ വോട്ട്​ അഭ്യർത്ഥിക്കുന്നത് തടയണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.

ഇത്​ ഗുരുതര കുറ്റമാണെന്നാണ് ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട്​ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണച്ചുമതല സൈബര്‍ സെല്ലിന് കൈമാറി തിരഞ്ഞെടുപ്പ് കമ്മീഷന് ഒഴിയാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

By Divya