Wed. Nov 6th, 2024
കൊൽക്കത്ത:

പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ബംഗാളിലെ 30 സീറ്റുകളിലും അസമിലെ 47 സീറ്റുകളിലുമാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ്. ഇവിടങ്ങളിൽ പരസ്യപ്രചാരണത്തിന് ഇന്ന് അവസാനമാകും.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടംകൊയ്ത ആദിവാസി മേഖലകളിലാണ് ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ്. അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമായ മണ്ഡലങ്ങളാണ് ശനിയാഴ്ച വിധിയെഴുതുന്നത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോബാൾ ഉൾപ്പെടെ പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിലേക്ക് എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെടുമ്പോൾ 200ലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം.

നന്ദിഗ്രാമിൽ മമത ബാനർജിയും ബിജെപിയിലേക്ക് കാലുമാറിയ മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടൽ നടക്കുന്നത്. അസമിലെ 126 നിയമസഭ സീറ്റുകളിലേക്ക് മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

By Divya