Fri. Apr 26th, 2024

തിരുവനന്തപുരം:

ഇരട്ടവോട്ടില്‍ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ ഇരട്ടവോട്ടുകളും പരിശോധിക്കാനാണ് തിരിഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം 140 മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പരിശോധിക്കും.  കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

നേരത്തെ നാല് ലക്ഷത്തിലധികം വരുന്ന കള്ളവോട്ടുകള്‍ ഒരു മണ്ഡലത്തില്‍ തന്നെയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇന്ന് പുതുതായി ഉന്നയിച്ച ആരോപണം രണ്ട് മണ്ഡലങ്ങളലില്‍ ഒരാള്‍ക്ക് വോട്ടുണ്ടെന്നാണ്.

പ്രതിപക്ഷം ഉന്നയിച്ച ഇരട്ടവോട്ട് പരാതികള്‍ എങ്ങനെ പരിഹാരം കാണണം, എന്തൊക്കെയാണ് നടപടികള്‍ എന്നൊക്കെയുള്ള നിര്‍ദേശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.

140 മണ്ഡലങ്ങളലിും ഒരു പ്രത്യേക സംഘത്തെ വെച്ചുകൊണ്ട് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് പട്ടിക പരിശോധിച്ച് ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കണമെന്നാണ് പ്രധാന നിര്‍ദേശം. മാര്‍ച്ച് 25നുള്ളില്‍ പട്ടിക തയ്യാറാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കെെമാറണം.

എല്ലാ ജില്ലയിലെയും ഇരട്ടവോട്ടര്‍മാരുടെ പട്ടിക അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കെെമാറും . ഇവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശിക്കും. ഇതുകൂടാതെ ഇരട്ട വോട്ടുള്ളവരെ പോളിംഗ് ഉദ്യോഗസ്ഥൻ നേരിട്ട് കണ്ട് സംസാരിച്ച് ബോധവൽക്കരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നല്‍കി. മാത്രവുമല്ല, ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താൽ മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

https://www.youtube.com/watch?v=r6F6rHMHM0U

By Binsha Das

Digital Journalist at Woke Malayalam