Fri. Nov 22nd, 2024
ആലപ്പുഴ:

വോട്ടർ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി. ഒറ്റപ്പെട്ടയിടങ്ങളിൽ കോൺഗ്രസാണ് കള്ളവോട്ട് ചേർത്തതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നും പിണറായി പറയുന്നു.

ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണം എന്ന് ജനം ആഗ്രഹിക്കുന്നുവെന്നും എൽഡിഎഫിന്റെ അടിത്തറ വിപുലമാണെന്നും പിണറായി വിജയൻ അവകാശപ്പെടുന്നു. കോൺഗ്രസ് ക്ഷയിച്ചു ക്ഷയിച്ചു വരികയാണെന്നും നേതാക്കൾ വലിയ രീതിയിൽ ബിജെപിയിലേക്ക് പോകുന്നുവെന്നും പറഞ്ഞ പിണറായി കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാർട്ടി വിട്ടത് സ്ത്രീ വിരുദ്ധത പറ‌ഞ്ഞാണെന്നും ആരോപിച്ചു.

എൻഎസ്എസിന് വിമർശിക്കേണ്ട ഒന്നും സർക്കാർ ചെയ്തിട്ടില്ലെന്നാണ് പിണറായിയുടെ നിലപാട്. വസ്തുതകൾ ഇല്ലാത്ത വിമർശനം ജനങ്ങൾ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറയുന്നു. എൻഎസ്എസിന്റെ നിലപാട് എല്ലാ കാലത്തും സമദൂരം ആണെന്നും ചിലപ്പോൾ ശരി ദൂരം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. വിമർശനം ഉന്നയിക്കുമ്പോൾ അത് വസ്തുത വിരുദ്ധം ആണെങ്കിൽ ഏത് വിഭാഗം ആണോ മനസ്സിലാക്കേണ്ടത് അവർ മനസിലാക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.

By Divya