Mon. Dec 23rd, 2024
ഗുവാഹത്തി:

കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ രൂപീകരണത്തിന് സഹായിച്ച ആശയമാണ് കോണ്‍ഗ്രസെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യ ടുഡെയുമായുള്ള അഭിമുഖത്തിനിടെയാണ് പ്രിയങ്കയുടെ പരാമര്‍ശം.

‘കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബം എന്നല്ല അര്‍ത്ഥം. ഇന്ത്യയെ രൂപീകരിച്ച ആശയമാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബം അപ്രസക്തമാണ്. ഏത് നേതാവോ, ഏത് കുടുംബമോ ആയാലും കോണ്‍ഗ്രസ് എന്ന ആശയത്തിനാണ് പ്രാധാന്യം,’ പ്രിയങ്ക പറഞ്ഞു.

അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം. അസം ജനതയ്‌ക്കേറ്റ മുറിവുകള്‍ക്കെതിരെ പോരാടാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ബിജെപി എന്ന പാര്‍ട്ടിയ്‌ക്കെതിരെ മാത്രമല്ല അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും പ്രിയങ്ക പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബിജെപിയ്ക്ക് അവസരം നല്‍കിയ ഇന്ത്യയിലെ ജനങ്ങള്‍ ഇപ്പോള്‍ ബിജെപി നേതാക്കളുടെ തനിനിറം മനസ്സിലാക്കിയെന്നും ഇത് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്നും പ്രിയങ്ക പറഞ്ഞു.

By Divya