Sun. Dec 22nd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കൃഷ്ണകുമാർ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി മുഖ്യ
തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ മത ചിഹ്നമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ മതചിഹ്നം ഉപയോഗിച്ചാൽ പെരുമാറ്റ ചട്ടലംഘനം ആകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഘട്ടത്തിലാണ് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാറിന്റെ പ്രചാരണ ബോർഡുകളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. നഗരത്തിലെ മുട്ടത്തറ, വലിയശാല അടക്കമുള്ള സ്ഥലങ്ങളിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം പതിപ്പിച്ച ബോർഡുകൾ വച്ചിരിക്കുന്നത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്തോടെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം കമ്മറ്റി ആണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിലൂടെ കൃഷ്ണകുമാർ
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു.

അതുകൊണ്ടുതന്നെ കൃഷ്ണ കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടുവച്ചത്. ഏതായാലും വിഷയത്തിൽ കൃഷ്ണകുമാറിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടി സ്വീകരിക്കുമെന്നതും കാത്തിരുന്നു കാണണം.

By Divya