Fri. Nov 22nd, 2024
കൊല്ലം:

മത്സ്യത്തൊഴിലാളികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് വനിതകളെ ചുറ്റിപ്പറ്റി ചൂടുപിടിക്കുകയാണ് കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം. കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത രണ്ട് വനിതകള്‍ മണ്ഡലത്തിന്‍റെ തീരമേഖലയില്‍ തനിക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നെന്ന വിമര്‍ശനമുയര്‍ത്തുന്നത് ഇടത് സ്ഥാനാര്‍ഥി എം മുകേഷാണ്. എന്നാൽ വിമർശനമുന്നയിക്കുന്ന വനിതകളെ എംഎൽഎ വ്യക്തിപരമായി ആക്ഷേപിക്കുന്നെന്നാണ് യുഡിഎഫ് പ്രതികരണം.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് കൊല്ലം ഡിസിസി ഓഫീസില്‍ പ്രതികരണവുമായെത്തിയ ഈ വനിത മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തകയാണ്. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയര്‍പ്പിക്കുന്നതിനൊപ്പം സിറ്റിങ് എംഎല്‍എയായ മുകേഷിനെതിരെയും ഈ പ്രവര്‍ത്തക കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എംഎല്‍എയെ മണ്ഡലത്തില്‍ കാണാനേയില്ലെന്നതായിരുന്നു അതില്‍ പ്രധാന ആരോപണം.

ഇതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ മുകേഷ് എംഎല്‍എയുടെ വിശദീകരണ കുറിപ്പ്. തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ജസീന്ത ചവറ മണ്ഡലത്തിലെ വോട്ടറാണെന്ന് മുകേഷ് വിശദീകരിക്കുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വനിത അവരുടെ സഹോദരി ബ്രജിറ്റ് ആണെന്നും അവർ ചവറ മണ്ഡലത്തിലെ വോട്ടറാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. ഇരുവരെയും ഉപയോഗിച്ച് ഉഡായിപ്പ് ഓണ്‍ലൈന്‍ ചാനലുകള്‍ തനിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കുകയാണെന്നും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

എന്നാല്‍ വിമര്‍ശനങ്ങളുന്നയിക്കുന്നവരെ ഭൂമിശാസ്ത്ര സാങ്കേതികതകള്‍ പറഞ്ഞ് കുറ്റപ്പെടുത്തുന്നതിന് പകരം അവരുന്നയിക്കുന്ന കാര്യങ്ങള്‍ക്കാണ് എംഎല്‍എ മറുപടി പറയണമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.

By Divya