Tue. Nov 5th, 2024
ന്യൂദല്‍ഹി:

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കള്ളക്കടത്താരോപണം ഉയര്‍ന്നുവന്നത് കേട്ടിട്ടുണ്ടോ എന്ന് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മുഖം രക്ഷിക്കാന്‍ വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരെ കേസ് ഫയല്‍ ചെയ്തതെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

” മുഖ്യമന്ത്രിയുടെ ഓഫീസിനും മുതിര്‍ന്ന ഉദ്യോഗസ്ഥരും എന്തിന് മുഖ്യമന്ത്രി പോലും കള്ളക്കടത്ത് ആരോപണം നേരിടുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവരുടെ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരെ കേസ് ഫയല്‍ ചെയ്തത്,” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡിക്കെതിരെ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്.

സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്റേതാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിര്‍ണ്ണായകമായി.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു സ്വപ്നയുടെ മൊഴി. സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.തെറ്റായി ഒരാളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റ് ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു

By Divya