Mon. Dec 23rd, 2024
കണ്ണൂര്‍:

ഗ്രൂപ്പ് തർക്കം പരിഹരിക്കാനായില്ലെങ്കിലും  ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. മണ്ഡലം കൺവെൻഷനിൽ കെ സുധാകരനും കെസി ജോസഫും പങ്കെടുത്തപ്പോൾ സീറ്റ് കിട്ടാഞ്ഞ സോണി സെബാസ്റ്റ്യൻ വിട്ട് നിന്നു. രണ്ടു ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് കെ സുധാകരൻ സൂചിപ്പിച്ചത്.

കണ്ണൂർ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ച് എത്തിയ സജീവ് ജോസഫിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ നേതൃത്വത്തിന് കൂടുതൽ സമയം വേണം. ഉമ്മൻ ചാണ്ടി നടത്തുന്ന ചർച്ചകൾ വിജയിച്ചില്ലില്ലെങ്കിലും രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ എല്ലാം മറന്ന് പ്രചാരണം നടത്താനാണ് നേതാക്കളുടെ ആഹ്വാനം. കെസി വേണുഗോപാലിന്‍റെ അനാവശ്യ കൈകടത്തലിൽ അമർഷമുള്ള കെ സുധാകരൻ കെസി ജോസഫിനൊപ്പം ഇന്ന് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു.

സീറ്റ് കിട്ടാത്തതിൽ പരസ്യ പ്രതിഷേധം നടത്തിയ എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യൻ വിട്ടുനിന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ഒരുവഴിക്ക് നടക്കട്ടെ മറ്റൊരു വഴിക്ക് പ്രശ്ന പരിഹാരശ്രമം തുടരാം എന്നാണ് നേതാക്കളുടെ പുതിയ ലൈൻ. ജില്ലാ അധ്യക്ഷസ്ഥാനത്തിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് എ വിഭാഗം തയ്യാറാകുന്നില്ല.

അധ്യക്ഷ പദവി നൽകാൻ സുധാകരനും ഒരുക്കമല്ല. ഇരിക്കൂറിൽ പ്രവർത്തകരെ മുഴുവൻ ഇറക്കാനായില്ലെങ്കിലും പേരാവൂരിലും കണ്ണൂരും ഗ്രൂപ്പ് തർക്കം ബാധിക്കാതിരിക്കാനുള്ള ശ്രമമാണ് നേതൃത്വം ഇപ്പോൾ നടത്തുന്നത്.

By Divya