Mon. Dec 23rd, 2024
ആലപ്പുഴ:

അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്‍റണിയെ സിപിഎം പ്രവർത്തകർ  മർദ്ദിച്ചതായി പരാതി.  പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചാസ്പതി പുഷ്പാർച്ചന നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയവർ വാഹനം തടഞ്ഞുവെന്നും മർദ്ദിച്ചുവെന്നുമാണ് ബിജെപിയുടെ ആരോപണം.

ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ച് പുന്നപ്ര – വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചാസ്പതി പുഷ്പാർച്ചന നടത്തിയത് ചര്‍ച്ചയായിരുന്നു. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയതിന്‍റെ മറുപടിയാണ് പുഷ്പാർച്ചനയെന്നായിരുന്നു സന്ദീപ് പറഞ്ഞത്. എന്നാൽ ബോധപൂർവ്വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎമ്മും, രക്തസാക്ഷിമണ്ഡപത്തിൽ അതിക്രമിച്ച് കയറിയതിന് നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐയും പ്രതികരിച്ചു.

ബിജെപി സിപിഎം അന്തർധാര വ്യക്തമാക്കുന്നതാണ് പുഷ്പാർച്ചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബാലശങ്കർ പറയുന്ന കാര്യങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമായി വരികയാണ്, ഇത് മതേതര വിശ്വാസികൾ തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ആലപ്പുഴ നഗരത്തില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തി.

By Divya