Fri. Nov 22nd, 2024
തിരുവനന്തപുരം:

ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാടുകളുടെ കാര്യത്തിൽ വിശ്വാസികൾക്ക് ഒരു സംശയവും ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയുടെ അവസാന വിധി വരുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉയർന്നു വരുന്നെങ്കിൽ അത് എല്ലാവരുമായി ചർച്ച ചെയ്തു മാത്രമേ നടപ്പാക്കൂ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പാർട്ടിക്ക് ഒരു നിലപാട് ഉണ്ടെന്നു കരുതി അതു ഭരണത്തിൽ നടപ്പിലാക്കണമെന്നില്ലെന്നു പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞത് സർക്കാരിന്റെ മുൻനിലപാടുകൾക്കുള്ള തിരുത്തായി. ആചാരാനുഷ്ഠാനങ്ങളെ എതിർക്കുന്ന സത്യവാങ്മൂലം നൽകിയ ശേഷമാണ് ഇപ്പോൾ അനുര‍ഞ്ജനത്തെക്കുറിച്ചു മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു.

വാക് പോരുകളിൽ ‘ശബരിമല’ തിളച്ചപ്പോൾ തലസ്ഥാനത്തു നാമജപ ഘോഷയാത്രയുമായി എൻഎസ്എസ് വീണ്ടും തെരുവിലിറങ്ങി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രസ്താവനയാണ് എൻഎസ്എസിനെ പ്രകോപിപ്പിച്ചത്.

ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞതോടെ വെട്ടിലായ സിപിഎം, വിശ്വാസികളുടെ രോഷം ഉയരാതിരിക്കാൻ തിരക്കിട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രകടന പത്രികയിൽ ഇടതുമുന്നണി ഇതാദ്യമായി വിശ്വാസ സംരക്ഷണ വാഗ്ദാനം നൽകി. വിധി തിരക്കിട്ട് നടപ്പിലാക്കിയതു പാളി എന്ന കുറ്റസമ്മതം ബേബിയുടെ പ്രതികരണങ്ങളിൽ വ്യക്തമായി.

By Divya