Mon. Dec 23rd, 2024
അമേരിക്ക:

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് കെ ഡോവല്‍ എന്നിവരുമായി ലോയ്ഡ് ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തും.

തന്റെ ആദ്യ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുന്ന ആദ്യ പ്രതിരോധ സെക്രട്ടറിയാണ് ലോയ്ഡ് ഓസ്റ്റിന്‍. മാര്‍ച്ച് 19 മുതല്‍ 21 വരെയാണ് ലോയ്ഡ് ഇന്ത്യയില്‍ ചെലവഴിക്കുക. ക്വാഡ് ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ സന്ദര്‍ശനം അമേരിക്ക ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുമെന്നതിന്റെ സൂചനയായി ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ നയങ്ങളോടുള്ള അമേരിക്കന്‍ എതിര്‍പ്പും ഇതില്‍ അടങ്ങുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കയില്‍ ക്വാഡ് ഉച്ചകോടി ആരംഭിച്ചത്. വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ പ്രസിഡന്‍റ് ജോ ബെെഡനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവര്‍ പങ്കെടുത്തു.

By Divya