Mon. Jan 6th, 2025
കോട്ടയം:

ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് പിന്നാലെ എൻഡിഎയിലും തലവേദനയാകുന്നു. സീറ്റ് തര്‍ക്കം നിലനിൽക്കുന്ന മണ്ഡലത്തിൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനുമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

എൻഡിഎയിൽ ബിഡിജെഎസിന്റെ അനുവദിച്ച  മണ്ഡലമാണ് ഏറ്റുമാനൂര്‍. ഇവിടെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ദു‍ബലനാണെന്ന ആരോപണമുയ‍ന്നതോടെ മാറ്റേണ്ടിവന്നു. സിപിഎമ്മിന് വേണ്ടി ബിഡിജെഎസ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ ഇറക്കുകയാണെന്നായിരുന്നു കോൺഗ്രസ് ആരോപണം.

ബിജെപി എതിര്‍പ്പുയര്‍ത്തിയതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഈ സ്ഥാനാര്‍ത്ഥിയും ദുര്‍ബലനാണെന്ന് കാണിച്ചാണ് ബിജെപി സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഏറ്റുമാനൂരിൽ യുഡിഎഫിലും പ്രതിസന്ധിയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പുറമെ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷും  സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി, പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ലതിക മത്സരിക്കുക. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ പ്രിൻസ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാർത്ഥി.

By Divya