Wed. Jan 22nd, 2025
തിരുവനന്തപുരം:

ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്കാരത്തിന്റെയും കുറവാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പ്രകടമാകുന്നതെന്ന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻപത്രാധിപരും ബിജെപി നേതാവുമായ ആർ ബാലശങ്കർ. വർഷങ്ങളായി തന്നെ അറിയുന്ന വി മുരളീധരനും കെ സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാർട്ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണെന്നും ബാലശങ്കർ തുറന്നടിച്ചു.

‘പാർട്ടിക്കാർ പോലും വോട്ടു ചെയ്യാത്തവരാണ് ബിജെപി സ്ഥാനാർഥികളാകുന്നത്. ബിജെപിയുടെ സുപ്രധാനമായ പല സമിതികളിലും അംഗവും ദേശീയ പരിശീലന പദ്ധതിയുടെ കോ–കൺവീനറുമായ ഞാൻ 7 വർഷമായി ബിജെപി കേന്ദ്ര ഓഫിസിൽ ഇരിപ്പിടമുള്ള ആളായിട്ടും വലിഞ്ഞുകയറി വന്ന അന്യൻ എന്ന നിലയിൽ പരമാവധി അപമാനിച്ചു. അന്തസ്സുള്ള ഒരു പാർട്ടി നേതൃത്വം ഇങ്ങനെ ചെയ്യില്ല.

സ്ഥാനാർഥിയാകാൻ എന്നെ ചെങ്ങന്നൂരിലേക്കു നിയോഗിച്ച കാര്യം മുരളീധരനോടും സുരേന്ദ്രനോടും പറഞ്ഞതാണ്. അവർ അന്ന് സ്വാഗതം ചെയ്തു. എന്നിട്ടാണ് ഇപ്പോൾ അറിയില്ല എന്നു കള്ളം പറയുന്നത്. ഈ നേതാക്കൾ‍ പുച്ഛിക്കുന്നത് എന്നെയല്ല, ബിജെപി എന്ന പ്രസ്ഥാനത്തെയാണ്’ – ബാലശങ്കർ പറഞ്ഞു.

തന്റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയില്ലെന്നു പറയുന്ന ആർഎസ്എസ് കാര്യവാഹിനെയും ബാലശങ്കർ വിമർശിച്ചു. വഴിയേ പോകുന്ന ആരെയും മുഖപത്രത്തിന്റെ എഡിറ്റർ ആക്കുന്ന പ്രസ്ഥാനമാണ് ആർഎസ്എസ് എന്നു നിന്ദിക്കരുത്. ബിജെപി – സിപിഎം ഡീൽ ഉണ്ടെന്നു വെളിപ്പെടുത്തിയതിനുശേഷം ചിലർ സമൂഹമാധ്യമങ്ങളിൽ തന്നെ സ്വഭാവഹത്യ നടത്തുകയാണെന്നും അങ്ങനെ ഭയപ്പെടുത്താമെന്നു കരുതേണ്ടെന്നും ബാലശങ്കർ പറഞ്ഞു.

By Divya