Sun. Dec 22nd, 2024
കണ്ണൂര്‍:

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ഇരിക്കൂറിൽ സ്ഥാനാർത്ഥിയെ മാറ്റേണ്ടെന്ന് ഹൈക്കമാൻഡും കെപിസിസിയും നിലപാടെടുത്തതോടെ കണ്ണൂരിൽ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നു. കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ചർച്ച നടത്തും. കണ്ണൂരിൽ രാവിലെ 9 മണിക്കാണ് ചർച്ച. കടുത്ത നിലപാട്‌ വേണ്ടെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. വിമതനെ നിർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്.

സ്ഥാനാർത്ഥിയെ മാറ്റില്ലെന്ന് നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് സമവായത്തിന് കളമൊരുങ്ങിയത്. എ ഗ്രൂപ്പ് ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് എ ഗ്രൂപ്പ് പൂർണ്ണമായി മാറി നിന്നതോടെ സമവായമുണ്ടാക്കാൻ ഐ ഗ്രൂപ്പ് നേതാക്കളും ശ്രമിച്ചിരുന്നു. സ്ഥാനാർത്ഥിയായ സജീവ് ജോസഫ് ഇന്ന് ഇരിക്കൂറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

By Divya