Fri. Nov 22nd, 2024
കോട്ടയം:

സിപിഐ എമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച് ലതിക സുഭാഷ്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വിലക്കുണ്ടായാലും കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ തനിക്കാകുമെന്നും ലതിക പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ഏറ്റുമാനൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ഊർജിതമാക്കുകയാണ് ലതിക സുഭാഷ്.

ലതിക സുഭാഷിനെ കടന്നാക്രമിച്ച കെപിസിസി അധ്യക്ഷന്റെ ഇന്നലത്തെ പരാമർശത്തിന് പിന്നാലെ ഇന്ന് വിഡി സതീശനും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലതികയ്ക്കൊപ്പം പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുകളും തുടരുകയാണ്. ഇതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ലതിക സുഭാഷ് രംഗത്തെത്തിയത്.

അവഗണിക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകർ വിലക്ക് മറികടന്ന് തനിക്ക് പിന്തുണ നൽകുമെന്ന് ലതിക അവകാശപ്പെട്ടു. പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ലതിക ഏറ്റുമാനൂരിൽ പ്രചാരണം ശക്തമാക്കി. നാളെ മണ്ഡലത്തിൽ പൗര സ്വീകരണം സംഘടിപ്പിക്കുന്നുണ്ട്. പത്തൊൻപതിന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.

By Divya