Thu. Apr 25th, 2024
ന്യൂദല്‍ഹി:

സദ്ദാം ഹുസൈനും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയും വരെ തിരഞ്ഞെടുപ്പുകള്‍ വിജയിച്ചവരായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ഇന്ത്യയിലെ ജനാധിപത്യത്തെ ഇറാഖിലേയും ലിബിയയിലേയും ഭരണത്തോട് താരതമ്യം ചെയ്ത രാഹുല്‍ രാജ്യത്തെ വോട്ടര്‍മാരെ പരിഹസിക്കുകയാണെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു.

മറുപടി അര്‍ഹിക്കാത്ത പരാമര്‍ശമാണ് രാഹുലിന്റേത്. ഇന്ത്യയുടെ ജനാധിപത്യത്തെ സദ്ദാം ഹുസൈന്റെയും ഗദ്ദാഫിയുടെയും ഭരണത്തോട് താരതമ്യം ചെയ്ത് രാജ്യത്തെ വോട്ടര്‍മാരെ അപമാനിക്കുകയാണ് രാഹുല്‍. അടിയന്തരാവസ്ഥ കാലത്ത് മാത്രമാണ് രാജ്യം അത്തരമൊരു അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോയത്,’ ജാവ്‌ദേക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്രൗണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍ അശുതോഷ് വര്‍ഷനെയുമായുള്ള അഭിമുഖത്തിനിടെയാണ് ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനും ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയും വരെ തിരഞ്ഞെടുപ്പുകള്‍ ജയിച്ചവരായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.

സദ്ദാം ഹുസൈനും ഗദ്ദാഫിയും തിരഞ്ഞെടുപ്പ് നടത്താറുണ്ടായിരുന്നു. അവര്‍ അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അവിടെ രേഖപ്പെടുത്തുന്ന വോട്ട് സംരക്ഷിക്കാന്‍ ആവശ്യമായ അടിസ്ഥാന ചട്ടകൂടുകളില്ലായിരുന്നു. ഒരു വോട്ടിംഗ് മെഷീനില്‍ ബട്ടണ്‍ അമര്‍ത്തുന്നതോടെ തീരുന്ന പ്രക്രിയയല്ല വോട്ടിംഗ്. രാജ്യം ശരിയായ ചട്ടകൂടിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ഉറപ്പുവരുത്തലാണ് ഓരോ തിരഞ്ഞെടുപ്പും,’ രാഹുല്‍ പറഞ്ഞു.

By Divya