മലങ്കര കെട്ടിപ്പൊക്കിയ ജാതിഗേറ്റ് പൊളിച്ചുമാറ്റിയ ഭീം ആര്‍മി നേതാക്കള്‍ വീണ്ടും അറസ്റ്റില്‍

 27 വർഷക്കാലം 40 ദളിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ ജാതി ഗേറ്റ് ഇല്ലാതാക്കാൻ ഭീം ആർമി കേരളക്ക് സാധിച്ചു അതിൽ ഓരോ ദളിതനും അഭിമാനംകൊള്ളുന്നുവെന്ന് സോഷ്യല്‍ മീഡിയ

0
250
Reading Time: < 1 minute

ഇടുക്കി:

മലങ്കര എസ്റ്റേറ്റ്  രണ്ടാമതായി കെട്ടിപ്പൊക്കിയ മതിലും തകർത്തെറിഞ്ഞ് ഭീം ആർമി കേരള നേതാക്കൾ വീണ്ടും അറസ്റ്റിലായി. ഇടുക്കിയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെയാണ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് ജാതി ഗേറ്റ് സ്ഥാപിച്ചത്. ഇതാണ് ഭീം ആര്‍മി നേതാക്കള്‍ പൊളിച്ചുമാറ്റിയത്.

സ്ത്രീകളും കുട്ടികളുമടക്കം പ്രായമായ ആള്‍ക്കാര്‍ വരെ മതില്‍ ചാടിക്കടന്നായിരുന്നു റോഡിലേക്ക് പോയിരുന്നത്.

ഭീം ആര്‍മി സംസ്ഥാന പ്രസിഡന്റ് റോബിന്‍ ആലപ്പുഴ, ജനറല്‍ സെക്രട്ടറി പ്രൈസ് കണ്ണൂര്‍, വൈസ് പ്രസിഡന്റ് മന്‍സൂര്‍ കൊച്ചുകടവ് എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് മലങ്കര എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ച ഗേറ്റ് 26 വര്‍ഷമായി പ്രദേശത്തുണ്ട്. കളക്ടര്‍ അടക്കമുള്ളവര്‍ ഗേറ്റ് മാറ്റണമെന്ന് ഉത്തരവിട്ടിട്ടും എസ്റ്റേറ്റ് മാനേജ്‌മെന്റ് കേട്ടിരുന്നില്ല.

അടിയന്തിരമായി ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എസ്റ്റേറ്റ് വാച്ചറുടെ റൂമില്‍ പോയി ഗേറ്റിന്റെ താക്കോല്‍ വാങ്ങി ഗേറ്റ് തുറന്ന് വേണം പുറത്തേക്ക് കടക്കാന്‍. അല്ലാത്തപക്ഷം മതിലിനു മുകളിലൂടെ ചാടിക്കടക്കണമായിരുന്നു.

നേതാക്കള്‍ പൂര്‍ണ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നേതാക്കളെ അറസ്റ്റ് ചെയ്ത വിവരം ഭീം ആര്‍മി കേരളയുടെ ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.27 വർഷക്കാലം 40 ദളിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ ജാതി ഗേറ്റ് ഇല്ലാതാക്കാൻ ഭീം ആർമി കേരളക്ക് സാധിച്ചു അതിൽ ഓരോ ദളിതനും അഭിമാനംകൊള്ളുന്നുവെന്നാണ് പലരും പറയുന്നത്.

Advertisement