Wed. Nov 6th, 2024
ആലപ്പുഴ:

സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച പ്രതിഷേധങ്ങള്‍ താത്കാലികം മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതില്‍ 50 ശതമാനത്തിലേറെ ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. ഒരുകാലഘട്ടത്തിലും ഇതുപോലൊരു മാറ്റം ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും പ്രതിഫലിപ്പിച്ചാണ് ലിസ്റ്റ് തയാറാക്കിയത്. ഈ ലിസ്റ്റിന്റെ മേന്മ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് ലിസ്റ്റ് യുവത്വമുള്ള ലിസ്റ്റാണ്. യുവത്വത്തിന്റെ പ്രസരിപ്പാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പുറത്തുവിട്ട ലിസ്റ്റിലുള്ളത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ദിശാമാറ്റത്തിന്റെ സൂചനയാണ്. പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളുമായാണ് തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്.

സ്വാഭാവികമായും കോണ്‍ഗ്രസ് ഒരു വലിയ പാര്‍ട്ടിയാണ്. ഒരു നിയോജക മണ്ഡലത്തില്‍ തന്നെ രണ്ടും മൂന്നും നാലും അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികളുണ്ടാകും. ഒരാളെ മാത്രമേ മത്സരിപ്പിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ക്ക് പാര്‍ട്ടിയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കും.

മുതിര്‍ന്ന ആളുകളുടെ സേവനം പാര്‍ട്ടി ഫലപ്രദമായി വിനിയോഗിക്കും. കൂടുതല്‍ തവണ മത്സരിച്ചു എന്നത് അയോഗ്യതയല്ല. അവരുടെ സേവനവും പാര്‍ട്ടി വിവിധ തലങ്ങളില്‍ പ്രയോജനപ്പെടുത്തും.

By Divya