Fri. Nov 22nd, 2024
ഉത്തർ പ്രദേശ്​:

കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ പക്ഷം ചേർന്ന്​ മേഘാലയ ഗവർണർ സത്യപാൽ മാലിക്​. സർക്കാർ വിളകൾക്ക്​ മിനിമം താങ്ങുവില ഉറപ്പ്​ നൽകുകയാണെങ്കിൽ കർഷകർ സമരം അവസാനിപ്പിക്കുമെന്ന്​ ജന്മനാട്ടിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

കർഷക നേതാവ്​ രാകേഷ്​ ടികായത്തിന്‍റെ അറസ്റ്റ്​ തടയാൻ താൻ നടപടി സ്വീകരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
‘നിയമങ്ങളൊന്നും കർഷകർക്ക് അനുകൂലമല്ല. കർഷകരും സൈനികരും സംതൃപ്തരല്ലാത്ത ഒരു രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. ആ രാജ്യം സംരക്ഷിക്കാൻ കഴിയില്ല.

അതിനാൽ സൈന്യത്തെയും കർഷകരെയും സംതൃപ്തരാക്കണം’ -കർഷക സമര​ക്കാരോട്​ ഏറ്റുമുട്ടരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത്​ ഷായോടും അഭ്യർത്ഥിച്ച് അദ്ദേഹം പറഞ്ഞു. വർഷത്തിലും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വർദ്ധിക്കുമ്പോൾ കർഷകർ ദിനംപ്രതി ദരിദ്രരാകുന്നു. ഒരു കൃഷിക്കാരൻ വിതക്കുന്നതിന്​ വില കുറയുമ്പോൾ അയാൾ വാങ്ങുന്നതെല്ലാം ചെലവേറിയതാകുന്നു’ -മാലിക്​ പറഞ്ഞു.

‘കൃഷിക്കാർക്ക് ഇപ്പോൾ ഏത് സ്ഥലത്തും വിളകൾ വിൽക്കാൻ സാധിക്കുമെന്ന തരത്തിൽ ധാരാളം അഭിപ്രായങ്ങൾ ഉയരുന്നുണ്ട്​. ഇത് 15 വർഷം പഴക്കമുള്ള നിയമമാണ്. ഇതൊക്കെയാണെങ്കിലും, മഥുരയിൽ നിന്നുള്ള ഒരു കർഷകൻ ഗോതമ്പുമായി പൽവാലിലേക്ക് പോകുമ്പോൾ അയാൾക്ക്​ ലാത്തിചാർജ് ഏൽക്കും. സോനിപതിൽ നിന്നുള്ള ഒരു കർഷകൻ നരേലയിലേക്ക് വരുമ്പോൾ, അയാൾക്കും​ ലാത്തിച്ചാർജ്​ ഏൽക്കേണ്ടി വരും’ -കർഷക സമരത്തെ പിന്തുണക്കുന്നവർക്ക്​ അദ്ദേഹം മറുപടി നൽകി.

By Divya