Wed. Nov 6th, 2024
ബംഗാൾ:

മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരുക്കേറ്റ ശേഷം പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിയിലാണ് മമതയുടെ പ്രതികരണം. ആശുപത്രിവിട്ട് രണ്ട് ദിവസത്തിനകം മമത ബാനര്‍ജി പ്രചാരണ വേദിയില്‍ തിരിച്ചെത്തി.

ബംഗാള്‍ വിരുദ്ധ ശക്തികളെ തുരത്തുമെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയിലെ ഗാന്ധി മൂര്‍ത്തി മുതല്‍ ഹസ്ര വരെ മൂന്നര കിലോമീറ്റര്‍ നീണ്ട പദയാത്രയ്ക്ക് വീല്‍ചെയറിലിരുന്ന് മമത നേതൃത്വം നല്‍കി.

അതേസമയം നന്ദിഗ്രാമില്‍ മമത ബാനര്‍ജി ആക്രമിക്കപ്പെട്ടിട്ടില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവത്തില്‍ ചീഫ് സെക്യൂരിറ്റി ഡയറക്ടര്‍ വിവേക് സഹായി, മേദിനിപൂര്‍ മജിസ്ട്രേറ്റ് വിഭു ഗോയല്‍, പൂര്‍വ മേദിനിപൂര്‍ എസ്പി പ്രവീണ്‍ പ്രകാശ് എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലയില്‍ നിന്ന് നീക്കി.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ കുറ്റം ചുമത്തും. മമതയുടെ ചികിത്സ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതേസമയം ബംഗാളിലെ മൂന്ന്- നാല് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.

ബാബുല്‍ സുപ്രിയോ, ലോക്കറ്റ് ചാറ്റര്‍ജി എന്നിവരുള്‍പ്പെടെ നാല് സിറ്റിംഗ് എംപിമാരും രണ്ട് തൃണമൂല്‍ മന്ത്രിമാരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ ബംഗാളില്‍ പ്രചാരണം തുടരുകയാണ്.

By Divya