Fri. Mar 29th, 2024
കോഴിക്കോട്:

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വസതിയിലായിരുന്നു അന്ത്യം. കഥകളിയുടെ വടക്കൻരീതിയായ കല്ലടിക്കോടൻചിട്ടയുടെ പ്രചാരകരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 

കൊയിലാണ്ടി ചെങ്ങോട്ടുകാവ് ചേലിയയിലെ വീട്ടിലായിരുന്നു താമസം. കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിലെ കളിവിളക്കിനു മുന്നിൽ ആദ്യമായി ചുട്ടികുത്തി കഥകളിവേഷം അണിയുമ്പോൾ പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം 90 വർഷത്തോളം അരങ്ങിൽ സജീവമായിരുന്നു.

അദ്ദേഹം പകർന്നാടിയ കൃഷ്ണ, കുചേല വേഷങ്ങൾ കഥകളി ആസ്വാദകർക്ക് മറക്കാനാവില്ല. കുചലവൃത്തം, ദുര്യാധനവധം, രുക്‌മിണിസ്വയംവരം തുടങ്ങിയ കഥകളിലെ കുഞ്ഞിരാമൻ നായരുടെ കൃഷ്‌ണവേഷങ്ങൾ പ്രസിദ്ധമാണ്.
മടയങ്കണ്ടിയിൽ ചാത്തുക്കുട്ടി നായരും കിണറ്റിൻകര കുഞ്ഞമ്മക്കുട്ടിയമ്മയുമാണ് മാതാപിതാക്കൾ. 1916 ജൂൺ 16നായരുന്നു ജനനം. ചെങ്ങോട്ടുകാവ് എലിമെന്ററി സ്‌കൂളിലും ചെങ്ങോട്ടുകാവ് ഈസ്‌റ്റ് യുപി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. നാലാം ക്ലാസു വരെയേ പഠനം തുടരാനായുള്ളു.

കാർഷികവൃത്തി മുഖ്യമായി കണ്ടിരുന്ന കുടുംബത്തിൽ പിറന്ന കുഞ്ഞിരാമൻനായർ കലയുടെ പിന്നാലെ പോകുന്നതിനോട് വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. പതിനഞ്ചാം വയസിൽ നാടുവിട്ട് മേപ്പയൂരിലെ രാധാകൃഷ്ണ കഥകളിയോഗത്തിൽ ചേർന്ന അദ്ദേഹം ഗുരു കരുണാകര മേനോന്റെ കീഴിലാണ് കഥകളി അഭ്യസിച്ചുതുടങ്ങിയത്.

പ്രശസ്ത നർത്തകി ബാലചന്ദ്ര സരസ്വതി ഭായി, ഗുരു ഗോപിനാഥ്, കലാമണ്ഡലം മാധവൻനായർ തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യമുൾപ്പെടെ ഭാരതീയ നൃത്തരൂപങ്ങളിലും പ്രാവീണ്യം നേടി. ഗുരു ഗോപിനാഥിനൊപ്പം കേരളനടനം എന്ന നൃത്തരൂപത്തിന്റെ രൂപകല്പനയിലും അവതരണത്തിലും സജീവമായി പ്രവർത്തിച്ചു.

By Divya