Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ സുരേന്ദ്രന്‍. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല, രണ്ടിടത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രയപ്പെട്ട മണ്ഡലങ്ങളാണ്. കുറഞ്ഞ വോട്ടിന് തോറ്റ മ‍ഞ്ചേശ്വരത്ത് ഇത്തവണ ജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും.

എതിരാളികൾക്ക് പരാജയ ഭീതിയാണ്. മുരളീധരൻ വടകര എം പി സ്ഥാനം രാജി വെച്ചിട്ട് മത്സരിക്കാന്‍ വരട്ടെ. ഭീരുത്വം എന്തിനാണെന്നും കുമ്മനം ചോദിച്ചു. നേമം കേരളത്തിന്റെ ഗുജറാത്ത് എന്ന് പറഞ്ഞത് വികസന അർത്ഥത്തിലാണെന്നും വികസനത്തിൽ ഗുജറത്തുമായി താരതമ്യം ചെയ്യട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

ഇരിങ്ങാലക്കുടയിൽ മികച്ച വിജയം നേടുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിജയം ഉറപ്പാണ്. അഴിമതിക്കെതിരായ പ്രതിച്ഛായ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ജയിച്ചാലും തോറ്റാലും ഇരിങ്ങാലക്കുടയിൽ ഉണ്ടാകുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ വികസനം എത്തിക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോടിനെ വികസനത്തിൻ്റെ മുഖമാക്കി മാറ്റുമെന്നും എം ടി രമേഷ് പറഞ്ഞു.

By Divya