Wed. Jan 22nd, 2025
തിരുവനന്തപുരം:

ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍. ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണ്. ഇക്കാര്യം പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് കാര്യവും ചെയ്യാന്‍ തയാറാണ്. ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല. ഡല്‍ഹിയിലേക്ക് നാളെ പോകാനിരുന്നതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. നേമത്തിന് ഇത്ര വലിയ പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് തന്നെ വലിയൊരു സന്ദേശമായിരുന്നു.

പിന്നീട് കരുത്തവര്‍ വരും, ശക്തര്‍ വരും എന്നൊന്നും പറയേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അവരവരുടെ മണ്ഡലങ്ങളുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ്.

അവര്‍ ആ സീറ്റുകളില്‍ നിന്ന് മാറിയാല്‍ ആ സീറ്റ് ജയിക്കണമെന്നില്ല. കോണ്‍ഗ്രസിന് സംഘടനാ ദൗര്‍ബല്യമുണ്ട്. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ബന്ധങ്ങളാണ് ഉള്ളതെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

ഇന്ന് മുരളീധരന്‍ ഡല്‍ഹിയില്‍ എത്തും. വട്ടിയൂര്‍ക്കാവിലോ നേമത്തോ കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തിലെ അവസാനവട്ട ചര്‍ച്ചയ്ക്കായാണ് കെ മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

By Divya