Wed. Nov 6th, 2024
കോഴിക്കോട്:

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി. നൂര്‍ബിന റഷീദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിനായി കമ്മിറ്റി ചര്‍ച്ചകള്‍ നടക്കുന്നു. തിങ്കളാഴ്ച യോഗം ചേരുമെന്നും ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുകയെന്നും നേതാക്കള്‍ അറിയിച്ചു.

25 വര്‍ഷത്തിന് ശേഷമാണ് മുസ്‌ലിം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ലീഗ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്ന അഡ്വ നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമാണ്. 1996ലാണ് ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. ഖമറുന്നിസ അന്‍വറായിരുന്നു അന്ന് കോഴിക്കോട് നിന്നും മത്സരിച്ചത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുസ്ലിം ലീഗിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സ്ഥാനാര്‍ത്ഥിത്വം വഴിവെച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എളമരം കരീമിനോട് 8000ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ഖമറുന്നീസ പരാജയപ്പെട്ടത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ലീഗില്‍ നിന്നും വനിതാസ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും 25 വര്‍ഷത്തേക്ക് വനിതകളാരും നിയമസഭാ മത്സരവേദിയിലേക്ക് എത്തിയില്ല.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വനിതകളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗുള്ളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ ഫാത്തിമ തഹ്ലിയ എന്നിവരെ ലീഗ് നേതൃത്വം പരിഗണിക്കുന്നതയായായിരുന്നു റിപ്പോര്‍ട്ടുകള്‍

അതേസമയം മുസ്ലിം ലീഗ് വനിതകളെ പരിഗണിക്കേണ്ടതില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും നിയമസഭയിലേക്ക് അങ്ങനെയൊരു സാഹചര്യമില്ലെന്നും എസ്വൈഎസ് സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു.

‘വനിതാ സ്ഥാനാര്‍ത്ഥികളെ സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിവരുന്നത് സംവരണതത്വം പാലിക്കുക എന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ്. നിയമസഭയിലേക്ക് അങ്ങനൊരു നിര്‍ബന്ധിത സാഹചര്യം ഇല്ല. ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടത് അത്യാവശ്യമല്ല. കാരണം നമ്മുടെ സഹോദരിമാരുടെ പ്രശ്നം പരിഹരിക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധ്യമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇസ്ലാം മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. അവര്‍ക്ക് സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്,’ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

By Divya