അഹമ്മദാബാദ്:
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി–20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിൻ്റെ തോല്‍വി. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ സ്പിൻ ആധിപത്യം കണ്ട് മൂന്നു സ്പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യയെ, പേസ് പടയുടെ കരുത്തിലാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 124 റൺസ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 27 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഇതേ വേദിയിൽ ഞായറാഴ്ച നടക്കും.
ഇന്ത്യ ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന്, അർധസെഞ്ചുറിയുടെ വക്കിലെത്തിയ ഓപ്പണർ ജേസൺ റോയിയുടെ തകർപ്പൻ പ്രകടനമാണ് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഈ വർഷത്തെ താരലേലത്തിൽ ആരും വാങ്ങാതെ വിട്ട റോയി, 32 പന്തിൽ നാലു ഫോറും മൂന്നു പടുകൂറ്റൻ സിക്സറും സഹിതം 49 റൺസെടുത്തു.
ജോസ് ബട്‍ലർ (24 പന്തിൽ 28), ഡേവിഡ് മലൻ (20 പന്തിൽ പുറത്താകാതെ 24), ജോണി ബെയർസ്റ്റോ (17 പന്തിൽ പുറത്താകാതെ 26) എന്നിവരുടെ പ്രകടനവും ഇംഗ്ലിഷ് വിജയം അനായാസമാക്കി.
ഓപ്പണിങ് വിക്കറ്റിൽ ജോസ് ബട്‍ലറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും റോയിക്കായി. വെറും 48 പന്തിൽനിന്ന് റോയി – ബട്‍ലർ സഖ്യം 72 റൺസാണ് ഇംഗ്ലണ്ട് സ്കോർ ബോർഡിൽ ചേർത്തത്. എട്ടാം ഓവറിന്റെ അവസാന പന്തിൽ യുസ്‌വേന്ദ്ര ചെഹൽ ബട്‍ലറിനെ എൽബിയിൽ കുരുക്കി. ബട്‍ലർ 24 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 28 റൺസെടുത്തു.